കോഴിക്കോട്: ഷാജുവിന്‍റെയും സിലിയുടെയും മകള്‍  ആല്‍ഫൈനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അത്യാസന്ന നിലയിലായിരുന്നെന്ന് ഡോക്ടര്‍ ഒ യു അഗസ്റ്റിന്‍റെ വെളിപ്പെടുത്തല്‍.  ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശനിലയിലായ അല്‍ഫൈനെ ഡോക്ടര്‍ അഗസ്റ്റിന്‍റെ അടുത്തായിരുന്നു എത്തിച്ചത്. കോട‍ഞ്ചേരിയിലെ ഡോക്ടറായ ഒ യു അഗസ്റ്റിന് ആ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ഓര്‍മ്മയുണ്ട്. ഈ കുടുംബവുമായി വളരെ കാലത്തെ പരിചയമുള്ള ആളാണ് ഡോക്ടര്‍. മുമ്പും ഡോക്ടറുടെ അടുത്ത് ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്. മരണത്തിന് മൂന്നാല് മാസങ്ങള്‍ക്ക് മുമ്പ് കുട്ടിക്ക് മൂത്രത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തന്‍റെയടുത്ത് ചികിത്സ തേടിയിരുന്നതായും ഡോക്ടര്‍ ഓര്‍മ്മിക്കുന്നു. 

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ വളരെ മോശമായ അവസ്ഥയിലായിരുന്നു കുട്ടിയെന്ന് ഡോക്ടര്‍ പറ‍ഞ്ഞു. ഭക്ഷണം കൊടുക്കുമ്പോള്‍ കുട്ടിക്ക് വളരെ അവശതയായെന്നും പിന്നീട് ഫിക്സ് പോലെയുണ്ടായെന്നുമാണ് അവര്‍ തന്നോട് പറഞ്ഞത്. വന്നപ്പോള്‍ കുട്ടി ശ്വാസം മുട്ടലൊന്നും കാണിച്ചിരുന്നില്ല പക്ഷേ അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ താന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെന്നും ഡോക്ടര്‍ പറയുന്നു. വെന്‍റിലേറ്ററിലൂടെ ജീവന്‍ നിലനിര്‍ത്തി കാരണമെന്തെന്ന് അന്വേഷിച്ച് ചികിത്സിച്ചാല്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ കുട്ടിയെ അയച്ചതെന്നും ഡോക്ടര്‍ പറയുന്നു. 

സിലിയുടെയും മകളുടെയും മരണങ്ങളില്‍ അന്ന് ദുരൂഹത തോന്നിയില്ലെന്നായിരുന്നു ഇന്നലെ ഷാജു വീണ്ടും ആവര്‍ത്തിച്ചത്. സിലിയുടെയും കുഞ്ഞിന്‍റെയും മരണത്തിൽ ഒന്നും പറയാൻ കഴിയില്ല. കുഞ്ഞായ ആൽഫൈന് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോൾ സിലിക്ക് ചിക്കൻ പോക്സ് വന്നിരുന്നു. അതിന്‍റേതായ അസുഖങ്ങൾ കുഞ്ഞിനുമുണ്ടായിരുന്നു. അതാണോ കുഞ്ഞിന് അപസ്മാരം അടക്കമുള്ള അസുഖങ്ങൾ വരാൻ കാരണമെന്നറിയില്ല. അതോ, ഭക്ഷണം കഴിച്ചപ്പോൾ തലയിൽ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ, ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാർ തന്നെ പറഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു.

എന്നാല്‍ മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്നും ഷാജു പറഞ്ഞു. അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാലിപ്പോൾ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‍മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും ഷാജു ഇന്നലെ പറഞ്ഞിരുന്നു.