കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഇന്ന് നാലാമത്തെ കേസില്‍ അറസ്റ്റ് ചെയ്യും. ഇപ്പോള്‍ ജയിലിലുള്ള
ജോളിയെ, മാത്യു മഞ്ചാടിയിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്യുക. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.

കോടതി അനുവദിക്കുകയാണെങ്കില്‍ ഇന്ന് തന്നെ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് പുറമേ കൂടത്തായിയില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശേരി കോടതി ഇന്ന് രേഖപ്പെടുത്തും. വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

അതേസമയം പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റിയിട്ടുണ്ട്. ആല്‍ഫൈന്‍ കൊലപാതക കേസില്‍ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് താമരശേരി കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്.