Asianet News MalayalamAsianet News Malayalam

കൂടത്തായി: മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്

വിഷം കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിയിലെ മരണങ്ങള്‍ നടന്നതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍.

koodathai murder medical board confirms poison cause deaths
Author
Kozhikode, First Published Nov 16, 2019, 11:46 PM IST

കോഴിക്കോട്: കൂടത്തായിയിലെ മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഇത് സയനൈഡ് ആകാമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. കൂടത്തായി കൊലപാതക പരമ്പര അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

വിഷം കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിയിലെ മരണങ്ങള്‍ നടന്നതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഇത് സയനൈഡും ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടത്തായിയിലെ ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബാക്കിയുള്ളവരുടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടിനായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

ജോളി പിടിയിലായ സമയത്ത് നല്‍കിയ മൊഴിയിലെ ശാസ്ത്രീയ വൈരുദ്ധ്യങ്ങളും മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നര വയസുള്ള ആല്‍ഫൈന്‍ തൊണ്ടയില് ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്നായിരുന്നു ജോളിയുടെ ആദ്യഘട്ടത്തിലെ മൊഴി. എന്നാല്‍, ആല്‍ഫൈന്‍ മരണ സമയത്ത് നിലവിളിച്ചതായി ദൃക്സാക്ഷി മൊഴിയുണ്ട്. തൊണ്ടയില്‍ ഭക്ഷണ കുരുങ്ങിയാല്‍ നിലവിളിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിച്ചു.

സിലിയുടേത് അടക്കമുള്ളവരുടെ മരണം അപസ്മാരം മൂലമെന്ന മൊഴിയും ആദ്യഘട്ടത്തില്‍ ജോളി നല്‍കിയിരുന്നു. അപസ്മാരം മൂലം മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം തലവന്‍ ഡോ. ജയിംസ് ജോസ്, ഫോറന്‍സിക് വിഭാഗത്തിലെ സുജിത് ശ്രീനിവാസ്, ജനറല്‍ മെഡിസിനിലെ ഡോ.മുഹമ്മദ് ഷാന്‍, ഡോ. ഷിജി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക വിവരം നല്‍കിയത്.

അതേസമയം, വ്യാജ ഒസ്യത്ത് ടൈപ്പ് ചെയ്ത ഫറോക്കിലെ സ്ഥാപത്തില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഡിടിപി ചെയ്ത് നല്‍കിയ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios