കോഴിക്കോട്: കൂടത്തായി കോലപാതകകേസിലെ പ്രതി ജോളിയുമായി ഇന്നലെ  പൊന്നാമറ്റത്തെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുപ്പി കണ്ടെത്തിയെന്ന് പൊലീസ്. എന്നാല്‍ കുപ്പി കണ്ടെത്തിയെങ്കിലും സയനൈഡെന്ന് ഉറപ്പിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഫൊറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തി പരിശോധന തുടങ്ങിയിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ഒഴിവാക്കാന്‍ നാടകീയ നീക്കങ്ങളാണ് അന്വേഷണസംഘം നടത്തിയത്. പരിശോധന രണ്ടു ദിവസം തുടരുമെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകുവെന്നും അറിയിച്ച് ഫൊറന്‍സിക് സംഘം മേധാവി ദിവ്യ ഗോപിനാഥ് മാധ്യമങ്ങളെയടക്കം രാത്രി എട്ടുമണിയോടെ പറഞ്ഞുവിടുകയായിരുന്നു. 

പിന്നീട് രാത്രി 10 മണിയോടെ ജോളിയെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പിന് പൊന്നാമറ്റത്ത് വീണ്ടുമെത്തി. വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പലതവണ മൊഴി നല്‍കിയ സയനൈഡ് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എത്തിയ ഉടനെ അന്നമ്മ, ടോം തോമസ്, റോയ് എന്നിവര്‍ മരിച്ചതെവിടെയെന്ന് ജോളി ഫൊറന്‍സിക് സംഘത്തെ കാണിച്ചു കോടുത്തു. തുടര്‍ന്ന് സയനൈഡിനായി വീട്ടിനുള്ളിലെ രണ്ടു നിലകളിലും പരിശോധന നടത്തി. തെളിവെടുപ്പിനൊപ്പം ഒരുമണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തു. പല ചോദ്യങ്ങള്‍ക്കും തലകുലുക്കി ആംഗ്യഭാഷയില്‍ ഉത്തരം പറഞ്ഞ ജോളി ചിലതിനോക്കെ വാക്കാല്‍ പ്രതികരിച്ചു. ഇതിനിടെ അടുക്കളയ്ക്കടുത്തുനിന്നും തുണിയില്‍ പോതിഞ്ഞ കുപ്പി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതു സയൈനൈഡെന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. പരിശോധന മണിക്കൂറുകള്‍ നീണ്ടതോടെ ജോളിയെകാണാന്‍ കൂടത്തായിക്കാരെ കോണ്ട് പൊന്നാമറ്റം വീട് നിറഞ്ഞു. ഒരുമണിക്കാണ് പരിശോധനയും ചോദ്യം ചെയ്യലും അവസാനിച്ചത്.