Asianet News MalayalamAsianet News Malayalam

കോതമംഗലം പള്ളി കേസ്: സര്‍ക്കാരിന് വിമര്‍ശനം; വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ പറയണമെന്നും ഹൈക്കോടതി

കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാൻ കഴിയില്ല. ഈ മാസം 25ന് ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി. 

kothamangalam church dispute highcourt criticize kerala government
Author
Cochin, First Published Feb 14, 2020, 5:18 PM IST

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാൻ കഴിയില്ല. ഈ മാസം 25ന് ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണം. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാൻ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ വിഭാഗം സമർപ്പിച്ച റിവ്യൂ ഹർജിയും ഇതോടൊപ്പം കോടതി തള്ളിയിരുന്നു. പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍,  പള്ളിയും സ്വത്തും ജില്ലാ കളക്ടർ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഇല്ലാത്തതിനാൽ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം.  ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്. 


 

Follow Us:
Download App:
  • android
  • ios