കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പളളി ഏറ്റെടുക്കുന്നതിന് മൂന്നുമാസത്തെ സാവകാശം തേടിയ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. നിശ്ചിത കാലാവധിക്കുളളിൽ പളളി ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറാനാകുമോയെന്ന് കോടതി സിം​ഗിൾ ബെഞ്ച്  സർക്കാരിനോട് ചോദിച്ചു.

കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്നാണ് സർക്കാരിനോട് കോടതി ചോദിച്ചുത്. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

തർക്കം പരിഹരിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പ് പോലും നൽകാൻ സർക്കാരിന് കഴിയുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. മൂന്നു മാസത്തിനുളളിൽ കാര്യങ്ങൾ പരിഹരിക്കുമെന്നും അല്ലെങ്കിൽ ബലം പ്രയോ​ഗിച്ച് പള്ളി പിടിച്ചെടുക്കുമെന്നും സർക്കാ‍ർ മറുപടി പറഞ്ഞു. മൂന്നു മാസത്തിനുളളിൽ പളളി ഏറ്റെടുത്ത് കൈമാറുമെന്ന് ഉറപ്പുപറയാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്രമിക്കും എന്നാണ് സർക്കാർ നൽകിയ മറുപടി.
 
നടപടികളുടെ കാര്യത്തിൽ സർക്കാർ ആവശ്യമായ  പ്രതിബ്ദധത കാണിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഹർജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും .