ഇന്നലെ രാത്രിയാണ് കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി സ്വദേശി എൽദോസ് വർഗീസ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എൽദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എൽദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലൻസിനൊപ്പമുണ്ട്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.

കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേയാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി സ്വദേശി എൽദോസ് വർഗീസാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എൽദോസിനെ ആന മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നിൽക്കുന്നത് എൽദോസ് കണ്ടിരുന്നില്ല. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർത്ഥിനിയായ ആൻമേരി മരിച്ചത്.

Also Read: വന്യജീവി ആക്രമണം; 8 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ, നഷ്ടപരിഹാരം കിട്ടാതെ നിരവധി കുടുംബങ്ങൾ

മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഏറെയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം