കോട്ടയം: ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

നേരത്തെ ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ആറു പേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സാ വിഭാഗത്തിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക്  ലോറിയുടെ ഡ്രവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റയിനില്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുന്‍പാണ് ഷാര്‍ജയില്‍നിന്ന് എത്തിയത്.  

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതു പരിഗണിച്ചാണ് മാതാവിന്‍റെ സാമ്പിള്‍ എടുത്തത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കൊല്ലത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചവർ

1.കൊല്ലം ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനി ആയ ഏഴ് വയസുകാരി . വിദേശത്തുനിന്ന് വന്നതാണ് . 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം പരിശോധന നടത്തിയപ്പോൾ ആണ് രോഗം സ്ഥിരീകരിച്ചത്.
2.കുളത്തൂപ്പുഴയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആളിൽ നിന്ന് സമ്പർക്കത്തിലൂടെ 55 കാരന് രോഗം പടർന്നു. 
രണ്ടുപേരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. രോഗം സ്ഥിരീകരിച്ച 55 കാരനെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയ പോലീസുകാരും ഇപ്പോൾ നിരീക്ഷണത്തിൽ
3.ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശ പ്രവർത്തക.  റാൻഡം പി സി ആർ പരിശോധ നടത്തിയപ്പോൾ കണ്ടെത്തിയത്.