കോട്ടയം: കോട്ടയം റെഡ് സോണായതിന് പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായി അടയ്ക്കാന്‍ തീരുമാനം. ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രമാണ് ഇളവ്.  കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. ജോലി ആവശ്യത്തിനുള്ള യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ആശങ്കയുണര്‍ത്തുന്ന കണക്കുകളാണ് കോട്ടയത്ത് നിന്നും പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ ആറുപേരും കോട്ടയം സ്വദേശികളാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കോട്ടയത്ത് സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറ് സാമ്പിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.