കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് കോട്ടയത്ത് ടോക്കണില്ലാതെ മദ്യം വിറ്റ ബാറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. അഞ്ജലി പാർക്ക് ബാറിനെതിരെയാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് എക്സൈസ് സംഘം ബാറിലെത്തി പരിശോധന നടത്തിയിരുന്നു.

ബാറിൽ നിന്ന് നൂറിലധികം പേർക്ക് ടോക്കണില്ലാതെ മദ്യം നൽകിയെന്ന് എക്സൈസ് പരിശോധനയിൽ വ്യക്തമായി. സാമൂഹിക അകലം പാലിക്കാതെയാണ് മദ്യം നൽകിയതെന്നും കണ്ടെത്തി. ടോക്കണില്ലാതെ ക്യൂവിൽ നിൽക്കുന്നവരോട് ആരെങ്കിലും ചോദിച്ചാൽ ടോക്കണുണ്ടെന്ന് പറയണമെന്ന് ഹോട്ടൽ ജീവനക്കാർ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം കണ്ണൂരിൽ ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിന്റെ ബാർ തുറന്നത് വിവാദമായി. കണ്ണൂർ  സ്കൈ പാലസ് ഹോട്ടലിൽ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലാണിത്. ജില്ലാ കളക്ടർ ബാർ തുറക്കാൻ അനുവാദം നൽകിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാർശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് പറഞ്ഞു.