കോട്ടയം: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിച്ചതോടെ കോട്ടയം ചങ്ങനാശ്ശേരിയിൽ സ്ഥിതി സങ്കീർണമാകുന്നു. ഇന്ന് 20 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി. ഇവിടെ മാത്രം 24 പേരാണ് ഇതുവരെ രോ​ഗബാധിതരായത്. ജില്ലയിൽ ഇന്ന് 46 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയത്തെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. ഇതിൽ 36 പേരും സമ്പർക്കത്തിലൂടെ രോ​ഗികളായവരാണ്. 

ചങ്ങനാശ്ശേരി ചന്തയിൽ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 20 പേർക്ക് കൂടി രോ​ഗം കണ്ടെത്തിയത്. പാല മുൻസിപ്പൽ ഓഫീസിലെ ജീവനക്കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മുൻസിപ്പാലിറ്റിയിലെ എഞ്ചിനിയറിംഗ് വിഭാഗം അടച്ചു. കോട്ടയത്ത് പത്ര സ്ഥാപനത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 255 പേര്‍ രോഗമുക്തരായി. 266 പേരാണ് ചികിത്സയിലുള്ളത്.

Read Also: കൊവിഡ് പിടിയിൽ തിരുവനന്തപുരം; ഇന്ന് മാത്രം 182 രോഗികള്‍, ആകെ 2000 കടന്നു, ഏറെയും സമ്പർക്കരോ​ഗികൾ...