കോട്ടയം: കോട്ടയത്ത് എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു.പാല മുൻസിപ്പാലിറ്റിയിലാണ് നിലവിൽ തർക്കം രൂക്ഷം.7 സീറ്റ് സിപിഐയും 17 സീറ്റ് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി കനത്തത്. ഇന്ന് പാലായിൽ എൽഡിഎഫ് യോഗം ചേരും. സിപിഐ വിട്ട് വീഴ്ചയ്ക്ക് തയ്യാറകണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അത് തള്ളിയ സിപിഐ സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധാരണയിലെത്തിയ ജില്ലാ പഞ്ചായത്തിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 

സീറ്റ് വിഭജനത്തിൽ കോട്ടയത്തെ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം തുറന്നടിച്ചിട്ടുണ്ട്. പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാൽ കേരള കോൺ​ഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വീട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എന്നാൽ ഒരു തരത്തിലുള്ള ഒത്തുതീ‍ർപ്പിനും ഇവിടെ സിപിഐ തയ്യാറായിട്ടില്ല. സിപിഎം എന്തെങ്കിലും വാ​ഗ്ദാനം കൊടുത്തെങ്കിൽ അതു അവരുടെ ഉത്തരവാദിത്തതിൽ തന്നെ നടപ്പാക്കണമെന്നും തങ്ങൾ നഷ്ടം സഹിക്കില്ലെന്നുമാണ് സിപിഐ  നിലപാട്. 

പ്രധാനമായും മുന്നണിയിലെ രണ്ടാമനാര് എന്നതിനെ ചൊല്ലിയാണ് സിപിഐ കേരള കോൺ​ഗ്രസിനെ എതിർക്കുന്നത്. കോട്ടയം ജില്ലയിൽ തങ്ങളാണ് ശക്തരെന്നും അതിനാൽ കോട്ടയത്തെ മുന്നണിയിൽ തങ്ങളാണ് രണ്ടാമതെന്നും കേരള കോൺ​ഗ്രസ് വാദിക്കുന്നു. സിപിഐയെ കൂടാതെ ജോസ് വിഭാ​ഗത്തിൻ്റെ വരവോടെ എൻസിപിയും കടുത്ത പ്രതിസന്ധിയിലാണ്.