കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എൻ വാസവനൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്. ബിന്ദുവിന്‍റെ അപകട മരണത്തിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ഉറപ്പാണ് പാലിക്കപ്പെടുന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോർഡിൽ നിയമനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. അപകടം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് നവനീത് ജോലിയിൽ പ്രവേശിക്കുന്നത്. 

ദേവസ്വം ബോർഡ്, വൈക്കം അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിലാണ് നിയമനം. നവനീതിന്‍റെ വീടിനടുത്തു തന്നെയാണ് ജോലി. മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നവനീത് ആദ്യത്തെ ശമ്പളവുമായി അമ്മയെ കാണാൻ എത്തിയ ദിവസം ആണ് മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദു മരിച്ചത്. മകന് നല്ലൊരു ജോലി എന്നതായിരുന്നു ആ അമ്മയുടെ സ്വപ്നം.ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നാഷണൽ സര്‍വീസ് സ്കീം യൂണിറ്റ് ബിന്ദുവിന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയിരുന്നു. കഴിഞ്ഞാഴ്ച അതിന്‍റെ താക്കോലും നൽകി. ബിന്ദുവിന്‍റെ മകൾ നവമിയുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 

സര്‍ക്കാര്‍ ബിന്ദുവിന്‍റെ കുടുംബത്തിനൊപ്പം നിന്ന് അവരുടെ ആവശ്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കികൊടുത്തുവെന്നും തുടര്‍ന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ തങ്ങളെ ചേര്‍ത്തുപിടിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് നവനീത് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് അധികൃതരുടെ അനാസ്ഥമൂലം മെഡിക്കൽ കോളേജിൽ കെട്ടിടം പൊളിഞ്ഞുണ്ടായ അപകടത്തിൽ തലയോലപറമ്പ് സ്വദേശിയായ ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടത്.

YouTube video player