കോട്ടയം: അമേരിക്കയില്‍ മലയാളിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയിലാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയില്‍ ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതി ജെയ്സണ്‍ ഹൻസണ്‍ ജൂനിയറിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ഫ്ലോറിഡയിലെ സെന്‍റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷമാണ് പ്രതി ജെയ്സണ്‍ ഹൻസണ്‍ ജൂനിയര്‍, മാത്യുവിന്‍റെ പാര്‍ക്ക് ചെയ്ത കാറില്‍ ഓടിക്കയറിയത്. പിന്നീട് തോക്ക് ചൂണ്ടി വാഹനം മുന്നോട്ട് എടുക്കാൻ മാത്യുവിനോട് പ്രതി ആവശ്യപ്പെട്ടു. തുടർന്ന് മാത്യുവിനെ പിൻസീറ്റിലേക്ക് തള്ളി മറിച്ചിട്ട ശേഷം പ്രതി വെടിവച്ച് കൊല്ലുകയായിരുന്നു. വാഷിംഗ്ടണിന് സമീപത്തെ സെക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിക്ക് സമീപത്തുനിന്നാണ് മാത്യുവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മാത്യു താമസിക്കുന്നത്. നാട്ടില്‍ അച്ഛന്‍റെ സഹോദരൻമാരുണ്ട്. കഴിഞ്ഞ വര്‍ഷം മാത്യു നാട്ടിലെത്തിയിരുന്നു. മാത്യുവിന്‍റെ മരണത്തെക്കുറിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ട്. സംസ്കാരം ഫ്ലോറിഡയില്‍ ആയിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.