- Home
- News
- Kerala News
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മെഡിസെപ്പിൽ വൻ മാറ്റം! വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, അറിയേണ്ടതെല്ലാം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മെഡിസെപ്പിൽ വൻ മാറ്റം! വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, അറിയേണ്ടതെല്ലാം
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും. നിലവിലുള്ള മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

ഗുണഭോക്താക്കളും പ്രീമിയവും
സർക്കാർ ജീവനക്കാർ, സർവീസ്–കുടുംബ പെൻഷൻകാർ, സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും തുടങ്ങി നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും. പ്രതിമാസം 687 രൂപയാണ് പ്രീമിയം. അതായത്, പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി ഒരു വർഷം ആകെ 8,244 രൂപ മതിയാകും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടുതൽ ചികിത്സാ പാക്കേജുകളും ആശുപത്രികളും
ദേശീയാടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ള ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് (2022) അനുസരിച്ചുള്ള മാറ്റങ്ങളാണ് പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവഴി കൂടുതൽ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവുമെന്നാണ് വിലയിരുത്തൽ. നിലവിലുണ്ടായിരുന്ന 1,920 പാക്കേജുകൾക്ക് പകരം 2,516 പാക്കേജുകൾ പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എംപാനൽ ചെയ്യാനുള്ള വ്യവസ്ഥ
കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനൊപ്പം, ആശുപത്രികളിലെ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യാനുള്ള വ്യവസ്ഥയും പുതിക്കിയ കരാറിലുണ്ട്. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പരിരക്ഷകളും ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. പ്രതിദിനം 5,000 രൂപ വരെയും സർക്കാർ പേ വാർഡുകളിൽ 2,000 രൂപ വരെയും മുറി വാടകയും നിശ്ചയിച്ചു.
വിലകൂടിയ മരുന്നുകൾക്കും പരിശോധനകൾക്കും പ്രത്യേക തുക
മെഡിക്കൽ പാക്കേജുകളിൽ അടിസ്ഥാന നിരക്കിനൊപ്പം വിലകൂടിയ മരുന്നുകൾക്കും പരിശോധനകൾക്കുമായി പ്രത്യേക തുക അനുവദിക്കും. ഡയാലിസിസ്, കീമോതെറാപ്പി എന്നിവ പോലെയുള്ള തുടര്‍ ചികിത്സ ആവശ്യമായ രോഗങ്ങൾക്ക് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നത് വഴി സൗജന്യ ചികിത്സ ഉറപ്പാക്കും. മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും.
റീ-ഇംബേഴ്‌സ്‌മെന്റ് സൗകര്യം
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി, ജിപ്മർ എന്നീ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടില്ലെങ്കിലും അവിടെ നടത്തുന്ന ചികിത്സകൾക്ക് റീ-ഇംബേഴ്‌സ്‌മെന്റ് ലഭിക്കും. കൂടാതെ റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടാനും സാധിക്കും. ചികിത്സാ ചെലവ് കമ്പനി മടക്കി നൽകും. ഇത്തരം റീ-ഇംബേഴ്‌സ്‌മെന്റ് പട്ടികയിൽ 10 പുതിയ ചികിത്സകൾ കൂടി അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റ് സവിശേഷതകൾ
10 അതീവ ഗുരുതര ശസ്ത്രക്രിയകൾക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി 2 വര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇൻഷുറൻസ് കമ്പനി മാറ്റിവയ്ക്കും. രണ്ടാം വർഷം ചികിത്സാ പാക്കേജ് നിരക്കിൽ 5% വർദ്ധനവ് അനുവദിക്കാനും ധാരണയായി.
പ്രായപരിധി ബാധകമല്ല
പദ്ധതിയിൽ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് പ്രായപരിധി ബാധകമല്ല. വര്‍ഷത്തിൽ 24x7 പ്രവർത്തിക്കുന്ന കോൾ സെന്ററും ത്രിതല പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഐ.എം.എ പ്രതിനിധികൾ എന്നിവരെയും ഉൾപ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂർണ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

