കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺ​ഗ്രസിലെ ​ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങൾ തമ്മിൽ ധാരണയായി. എന്നാൽ ആദ്യ ടേമില്‍ ആര് എന്നതിൽ തർക്കം തുടരുകയാണ്. ഇന്നലെ കോൺ​ഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇരുവിഭാ​ഗങ്ങളും പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന ധാരണയിലെത്തിയത്. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് കോ​ൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ച വരെ ചർച്ചകൾ നടന്നിരുന്നു.  വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ ചർച്ച പുലർച്ചെ 2.30ഒടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പി ജെ ജോസഫുമായി ചർച്ച നടത്തിയ നേതാക്കൾ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇരുവിഭാ​ഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഉമ്മൻ ചാണ്ടിയാണ് പ്രസിഡന്റ് സ്ഥാനെ പങ്കിടാമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു.

ഒരു വർഷവും മൂന്ന് മാസവുമാണ് ജില്ലാ പഞ്ചായത്തിന്റെ കാലാവധി. അങ്ങനെയാണെങ്കിൽ ഇരുവിഭാ​ഗവും പ്രസിഡന്റ് സ്ഥാനം പങ്കിടട്ടെ എന്ന ഫോർമുല കോൺ​ഗ്രസ് നേതാക്കൾ നിർദ്ദേശിച്ചു. എന്നാൽ ആദ്യം ഈ ഫോർമുല അം​ഗീകരിക്കാൻ ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങൾ തയ്യാറായില്ല. ഔദ്യോ​ഗിക പക്ഷം തങ്ങളാണെന്ന അവകാശവാദം ഉറപ്പിച്ച കിട്ടാനുള്ള ശ്രമത്തിലായിരുന്നു ഇരുവിഭാ​ഗങ്ങളും. തുടർന്ന് സമവായത്തിൽ എത്തിയില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഇരുവിഭാ​ഗങ്ങൾക്കും മുന്നറിയിപ്പ് നൽകി.