കോട്ടയം: കോട്ടയം  താഴത്തങ്ങാടിയിലെ വീട്ടമ്മ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ബിലാൽ മോഷണം നടത്തിയത് പണമുണ്ടാക്കി ആസാമിലെ കാമുകിയുടെ അടുത്തെത്താനായിരുന്നുവെന്ന് മൊഴി. ഓൺലൈൻ വഴിയാണ് ആസാംകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇവരുടെ അടുത്തെത്താൻ പണം വേണ്ടിയിരുന്നു. ഇതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നുമാണ് ബിലാലിന്‍റെ മൊഴി. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് ബിലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിലാലിന് അഞ്ച് ഭാഷകൾ അറിയാമെന്നും നേരത്തെ പലതവണ അസമിൽ പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കോട്ടയത്തെ കൃത്യം നടത്തിയ വീടും വീട്ടുകാരെയും ബിലാലിന് നേരത്തെ അറിയാമായിരുന്നു. അതനുസരിച്ചാണ് ഷീലയുടെ വീട്ടിലേക്ക് എത്തിയത്. മോഷ്ടിച്ച സ്വര്‍ണം വിറ്റ് പണമുണ്ടാക്കിയ ശേഷം കുറച്ച് കാലം എറണാകുളത്തെ ഹോട്ടല്‍ ജോലി ചെയ്യാമെന്നും കേസ് അന്വേഷണത്തിന്‍റെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം, ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കാമെന്നുമായിരുന്നു ബിലാലിന്‍റെ കണക്കുകൂട്ടില്‍. ഓൺലൈൻ ചീട്ടുകളിയിലൂടെയും ബിലാൽ പണമുണ്ടാക്കിയിരുന്നു.  മകന് മാനസികാസ്വാസ്ത്യം ഉണ്ടെന്ന ബിലാലിന്‍റെ കുടുംബത്തിന്‍റെ വാദം തെറ്റാണെന്നും പ്രതി അതിബുദ്ധിമാനായിരുന്നുവെന്നാണ് തെളിവ് നശിപ്പിച്ച രീതികളില്‍ നിന്ന് മനസിലാകുന്നതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം. 

താഴത്തങ്ങാടി കൊലപാതകം: മകനെ സംശയമുണ്ടായിരുന്നു എന്ന് ബിലാലിന്‍റെ പിതാവ്, നിയമസഹായം നൽകില്ല

അതേ സമയം മുഹമ്മദ് ബിലാലിനെ പൊലീസ് ആലപ്പുഴയിൽ എത്തിച്ച് തെളിവെടുക്കുകയാണ്. കൃത്യത്തിനു ശേഷം പ്രതി ആലപ്പുഴ നഗരത്തിൽ തങ്ങിയ ലോഡ്ജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് ബിലാൽ ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും തണ്ണീർമുക്കം ബണ്ടിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍

മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ആയിരുന്നു പരിശോധന. അന്വേഷണം വഴിതെറ്റിക്കാൻ ആണ് മൊബൈൽ ഫോണുകൾ വേമ്പനാട്ടുകായലിൽ ഉപേക്ഷിക്കാൻ പ്രതി തീരുമാനിച്ചത്. ബിലാൽ കൈക്കലാക്കിയ 58 പവൻ സ്വർണ്ണ ഭരണങ്ങളിൽ 28 പവൻ എറണാകുളത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങൾ വിറ്റ് പണമുണ്ടാക്കി ആസാമിലേക്ക് മുങ്ങാനായിരുന്നു ബിലാലിന്‍റെ തീരുമാനമെന്നാണ് വിവരം.