2020 ഫെബ്രുവരി ഏഴിന് തൊഴിലാളി സമരത്തെ തുടർന്ന് കോട്ടയം സിൽക്സ് പൂട്ടിയതോടെയാണ് എല്ലാം തകിടം മറി‌ഞ്ഞത്. ഇതൊടെ തൊഴിലാളികളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങി. 

കോട്ടയം: കോട്ടയം ടെക്സ്റ്റൈൽസ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപകർ ദുരിതത്തിൽ. രണ്ട് കോടി 30 ലക്ഷമാണ് നിക്ഷേപകർക്ക് തിരിച്ചുകിട്ടാനുള്ളത്. തൊഴിലാളി സമരത്തെ തുടർന്ന് ടെക്സ്റ്റൈൽസ് കന്പനി അടച്ചുപൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സിഐടിയു ഭരണ സമിതിയുടെ പിടിപ്പുകേടെന്നാണ് നിക്ഷേപകരുടെ പരാതി.

2000 മുതലാണ് കോട്ടയം ടെക്റ്റൈൽസ് എംപ്ലോയീസ് സഹകരണ സംഘം തൊഴിലാളികൾ അല്ലാത്തവരിൽ നിന്നുള്ള നിക്ഷേപവും സ്വീകരിച്ച് തുടങ്ങിയത്. നാട്ടുകാർ മികച്ച പിന്തുണ നൽകി. ഇങ്ങനെ സംഘത്തിന്‍റെ വളർച്ചയിൽ നിർണായകമായ നൂറ്റി അന്പതോളം പേർക്കാണ് ഇപ്പോൾ പണം കിട്ടാതെ ആയത്.

2020 ഫെബ്രുവരി ഏഴിന് തൊഴിലാളി സമരത്തെ തുടർന്ന് കോട്ടയം സിൽക്സ് പൂട്ടിയതോടെയാണ് എല്ലാം തകിടം മറി‌ഞ്ഞത്. ഇതൊടെ തൊഴിലാളികളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങി. ആ ഇനത്തിൽ സംഘത്തിലേക്ക് തിരിച്ചുവരാനുള്ളത് 99 ലക്ഷം രൂപ. 2020 മാർച്ചിലെ ഓഡിറ്റിങിൽ കണ്ടെത്തിയത് ഒരു കോടി എഴുപത് ലക്ഷത്തിന്‍റെ നഷ്ടമാണ്. ഇന്ന് നഷ്ടം 2 കോടി 30 ലക്ഷമായി.

കന്പനി പ്രവർത്തിച്ച് തുടങ്ങിയാൽ പണം നൽകാനാകുമെന്ന് സെക്രട്ടറി ജേക്കബ് പറഞ്ഞു. അനാവശ്യ സമരവും അതിന്മേലുള്ള കേസും കാരണം ദുരിതം പേറേണ്ടി വന്നത് ഈ തൊഴിലിടത്തെ വിശ്വസിച്ച് സഹകരണ പ്രസ്ഥാനത്തിൽ പണമിട്ട കുറെ വയോവൃദ്ധരാണ്.