ഹെൽമെറ്റ് ധരിപ്പിച്ചാണ് ഇരുവരെയും തെളിവെടുപ്പിനെത്തിച്ചതും തെളിവെടുപ്പ് പൂർത്തിയാക്കിയതും.
തിരുവനന്തപുരം: കോവളത്തെ പതിനാലുകാരിയുടെ കൊലപാതകത്തിൽ പ്രതികളായ റഫീക്കയെയും മകൻ ഷെഫീക്കിനെയും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ വൻ പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് സ്ഥലത്തെത്തിച്ച ഇരുവർക്കും നേരെ പ്രദേശവാസികളുടെ രോഷപ്രകടനമുണ്ടായി. ഹെൽമെറ്റ് ധരിപ്പിച്ചാണ് ഇരുവരെയും തെളിവെടുപ്പിനെത്തിച്ചതും തെളിവെടുപ്പ് പൂർത്തിയാക്കിയതും. അയൽവാസിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതോടെയാണ് ഒരുവർഷം മുൻപ് നടത്തിയ കൊലപാതകം ഇവർ സമ്മതിച്ചത്. കേസിൽ നേരത്തെ യഥാർത്ഥ പ്രതികളെ കണ്ടെത്താതിരുന്ന പൊലീസ് നിരപരാധികളായ ദമ്പതികളെ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.
2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് അയൽവാസിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. നേരത്തെ ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
മാതാപിതാക്കളെ പ്രതി സ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി പെൺകുട്ടികളുടെ മാതാപിതാക്കളായ ആനന്ദനോടും ഗീതയോടും മോശമായി പെരുമാറി. ഒടുവിൽ നുണപരിശോധനക്ക് ഇരുവരും തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇപ്പോഴെങ്കിലും സത്യം തെളിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.
