Asianet News MalayalamAsianet News Malayalam

കോവളം പെൺകുട്ടിയുടെ മാതാ പിതാക്കൾക്ക് നഷ്ടപരിഹാരം നൽകണം: വിഡി സതീശൻ

മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അപരിഷ്കൃതമായ അന്വേഷണമാണ് നടന്നതെന്നാണ് വി ഡി സതീശൻ കുറ്റപ്പെടുത്തുന്നത്.

Kovalam 14 year old girls murder v d satheesan visits parents
Author
Trivandrum, First Published Jan 19, 2022, 11:59 AM IST

തിരുവനന്തപുരം: കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V. D. Satheesan). മകളുടെ മരണത്തിൽ പൊലീസ് കുറ്റവാളികളാക്കാൻ ശ്രമിച്ച രക്ഷിതാക്കളെ വി ഡി സതീശൻ വീട്ടിലെത്തി കണ്ടു. സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

ക്യാൻസർ രോഗിയായ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ചു. മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അപരിഷ്കൃതമായ അന്വേഷണമാണ് നടന്നതെന്നാണ് വി ഡി സതീശൻ കുറ്റപ്പെടുത്തുന്നത്. മകളുടെ മരണം ഏറ്റെടുക്കാൻ പൊലീസ് ദമ്പതികള മർദ്ദിച്ചു. ഇങ്ങനെയാണെങ്കിൽ ഗുണ്ടകളും പൊലീസും തമ്മിൽ എന്താണ് വ്യത്യാസം ? കേരളം നാണിച്ച് തല താഴ്ത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. എന്നിട്ടിപ്പോൾ പൊലീസ് മാപ്പു പറഞ്ഞുവെന്നാണ് പറയുന്നത്. ഒരു ഉദ്യോഗസ്ഥനെതിരെ പോലും എന്ത് കൊണ്ടാണ് നടപടിയെടുക്കാത്തത് ? പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. 

പൊലീസിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒരു വർഷം മുമ്പ് കോവളത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് നടത്തിയത് അതിക്രൂര പീഡനമാണ്. കുറ്റം ഏറ്റുപറയാൻ പൊലീസ് ചൂരൽ കൊണ്ടടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറയുന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസിൽ പിടിയിലായ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത് യാദൃശ്ചികമായാണ്. 

മക്കളില്ലാത്തതിനാല്‍ ആനന്ദൻ ഗീത ദമ്പതികൾ എടുത്ത് വളര്‍ത്തിയതാണ് പെൺകുട്ടിയെ. 2020 ഡ‍ിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. 

കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios