Asianet News MalayalamAsianet News Malayalam

Kerala Police Stop Swedish National : കോവളം സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം

 പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

kovalam swedish citizen kerala police  controversy department investigation against three policemen
Author
Thiruvananthapuram, First Published Jan 2, 2022, 6:48 AM IST

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് (Kovalam) സ്വീഡിഷ് പൗരനെ (Swedish National) അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്റ്റേഷനിലെ പ്രിൻസിൽ എസ്ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെയാണ് അന്വേഷണം. പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടതിന് പിന്നാലെ കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. പുതുവർഷത്തലേന്ന് കേരളത്തിന് നാണക്കേടായ കോവളം സംഭവം വലിയ ചർച്ചയായതോടെയാണ് മുഖ്യമന്ത്രി ഇടപട്ട് നടപടി എടുത്തത്. എന്നാൽ, ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവർക്കെതിരെയു നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാൻ മന്ത്രി ശിവൻകുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സർക്കാർ സ്വീകരിച്ച നടപടി വിശദീകരിച്ചു. സർക്കാർ മുഖം രക്ഷിക്കാൻ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എതിർപ്പ് ഉന്നയിച്ചു.

ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ല. നടപടി പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാൽ ഈ വാദങ്ങൾ തള്ളുകയാണ് സ്റ്റീവൻ. മദ്യം കളയാൻ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫൻ പറഞ്ഞു.

രാവിലെ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ ടൂറിസം മന്ത്രി പൊലീസിനെ കടന്നാക്രമിച്ചു. എന്നാൽ, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് അനുനയിപ്പിച്ച മന്ത്രി ശിവൻ കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകെ വിമർശിക്കരുതെന്നും പറഞ്ഞു. മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാൻ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാൻ പൊലീസ് ആവശ്യപ്പെട്ടെന്നാണ് വിദേശപൗരൻ്റെ പരാതി.

Follow Us:
Download App:
  • android
  • ios