തിരുവനന്തപുരം: കൊവിഡ് 19 നെ ചെറുക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് നില്‍ക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് രാജഗോപാലിന്‍റെ പ്രതികരണം. ഇപ്പോഴുണ്ടായിരിക്കുന്ന പകര്‍ച്ചവ്യാധിക്ക് സര്‍ക്കാരോ പ്രതിപക്ഷമോ അല്ല ഉത്തരവാദികളെന്നും ആശങ്ക പരത്തുകയല്ല വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. 

പ്രകൃതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്‍റെ ഭാഗമായി ലോകത്ത് പലഭാഗത്തും പടര്‍ന്ന് പിടിച്ചതുപോലെ ഇവിടെയും ഉണ്ടായി. ഈ സാഹചര്യത്തില്‍ ഇതിന്‍റെ ദോഷഫലം ജനങ്ങള്‍ അനുഭവിക്കാതിരിക്കാന്‍ പരസ്പരം സഹകരിച്ച് സഹായിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ ആശങ്കയുണ്ടാക്കുകയല്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.