കോഴിക്കോട്: കാരശ്ശേരി ആനയാംകുന്നില്‍ യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ഭര്‍ത്താവ് സുഭാഷാണ് താമരശ്ശേരിയിലെ കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന സംശയത്തില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യം പൊലീസ് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. കുത്തിയതും ആസിഡൊഴിച്ച് പരിക്കേൽപിച്ചതും മുൻ ഭർത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു.ജീവിക്കാൻ അനുവദിക്കില്ലെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു.