കോഴിക്കോട്: കൊവിഡ് 19 നെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അതിന്‍റെ ഭാഗമായി കൊവിഡ് ബാധ സ്ഥിരീകരിച്ചവരെ കണ്ടെത്താനും അവരുമായി ഇടപഴകിയവരെ തിരിച്ചറിയാനുമുള്ള കഠിനശ്രമത്തിലാണ് ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരുമെല്ലാം. കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്‍ത വിമാനത്തിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

ഇത്തിഹാദ് എയര്‍വെയ്‍സില്‍ മാര്‍ച്ച് 13 നാണ് ഇവര്‍ കോഴിക്കോട് എത്തുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ  റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ  യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും  കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.