Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോ‍ര്‍പ്പറേഷനിലെ കെട്ടിട നമ്പ‍ര്‍ ക്രമക്കേട്: ഉദ്യോഗസ്ഥ‍ര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോ‍ര്‍ട്ട്

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് അന്വേഷണം പാതിവഴിയിലെത്തി നിൽക്കുമ്പോഴാണ് ക്രമക്കേട് അക്കമിട്ട് നിരത്തിക്കൊണ്ടുളള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്..

Kozhikode Corporation Building Number Fraud
Author
കോഴിക്കോട്, First Published Aug 12, 2022, 1:03 PM IST

കോഴിക്കോട്:  കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പ‍ര്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ സെക്രട്ടറി കെട്ടിടാനുമതി രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചില്ല. അനധികൃത നിർമ്മാണങ്ങൾ എത്ര ക്രമപ്പെടുത്തി, എത്ര പിഴയീടാക്കി തുടങ്ങിയ കാര്യങ്ങളൊന്നും കോര്‍പറേഷനില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് അന്വേഷണം പാതിവഴിയിലെത്തി നിൽക്കുമ്പോഴാണ് ക്രമക്കേട് അക്കമിട്ട് നിരത്തിക്കൊണ്ടുളള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.. ക്രമവത്കരണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്റർ പോലും കണ്ടെത്താനായില്ല. നിലവിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നയിടത്താകട്ടെ, സെക്രട്ടറിയുടെ സർട്ടിഫിക്കറ്റുമില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 

ക്രമപ്പെടുത്താൻ നൽകിയ അപേക്ഷകളിൽ എന്ത് തീരുമാനമെടുത്തെന്നതിന് പോലും വ്യക്തതയില്ലാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തൽ. തീർന്നില്ല, പുതുതായി അനുമതി തേടിയ കെട്ടിടങ്ങളുടെ കാര്യത്തിലും ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചെന്നും കണ്ടെത്തലുണ്ട്. ആർക്കൊക്കെ കെട്ടിട നമ്പർ നൽകിയെന്നോ, ബിൽഡിംഗ് പെർമിറ്റ് ഫീസ് ഇനത്തിൽ ആകെ എത്ര രൂപ കിട്ടിയെന്നതിനോ ക്രോഡീകരിച്ച കണക്കില്ല. അപേക്ഷനൽകി മാസങ്ങൾ കഴിഞ്ഞിട്ടും ചില കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാതിരിക്കെത്തന്നെ, മറ്റു ചില അപേക്ഷകൾക്ക് വളരെപെട്ടെന്ന് തന്നെ അനുമതി നൽകിയിട്ടുമുണ്ട്. കൊവിഡ് കാരണം വന്ന അപാകതയെന്ന കോർപ്പറേഷന്‍റെ മറുപടിയിൽ തൃപ്തയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

ഒരുമാസത്തിനകം ഓഡിറ്റ് റിപ്പോർട്ടിന്മേൽ വിശദീകരണം നൽകി, സ്വീകരിച്ച തിരുത്തൽ നടപടികൾ പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിക്കുന്നു. കെട്ടിട നമ്പർ ക്രമക്കേടിൽ സഞ്ജയ ആപ്ലിക്കേഷനിലെ പിഴവ് ചിലർ മുതലെടുത്തെന്ന് മാത്രമായിരുന്നു കോർപ്പറേഷൻ ഇത്രയുംനാൾ വിശദീകരിച്ചിരുന്നത്. എന്നാൽ വസ്തുത അതുമാത്രമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിലും വ്യക്തമായ സ്ഥിതിക്ക് എന്ത് വിശദീകരണമാകും കോർപ്പറേഷൻ നൽകുകയെന്നതാണ് ഇനിയറിയേണ്ടത്.

Follow Us:
Download App:
  • android
  • ios