Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ

അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

kozhikode corporation building number scam more officials are also suspected to be involved
Author
Kozhikode, First Published Jul 19, 2022, 7:07 AM IST

കോഴിക്കോട്:  കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന ഉടമകൾക്കായി അടുത്തയാഴ്ച ലുക്ക് ഔട്ട് സർക്കുലർ ഇറക്കും.

കെട്ടിട നമ്പർ ക്രമക്കേടിൽ കോഴിക്കോട് കോർപ്പറേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. ക്രമവിരുദ്ധമായി നമ്പർ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഇടനിലക്കാർ, കോർപ്പറേഷനിലെ ജീവനക്കാർ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കോർപ്പറേഷൻ കൈമാറിയ പട്ടികയിൽ നിന്ന് 14 കെട്ടിട നമ്പറുകൾ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു. നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്‍റെ പേരിൽ കോർപ്പറേഷനിലെ രണ്ട് ക്ലർക്കുമാർ, ഒരു മുൻ ജീവനക്കാരൻ എന്നിവരുൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാന രീതിയിലുളള കെട്ടിട ഉടമ - ഇടനിലക്കാർ- ജീവനക്കാർ കൂട്ടുകെട്ടിന്‍റെ കൂടുതൽ തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. സഞ്ചയ ആപ്ലിക്കേഷനിലെ പഴുതുപയോഗിച്ച് ഡിജിറ്റൽ സിഗ്നേച്ചർ ഇടാനുപയോഗിച്ച കംപ്യൂട്ടറുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. 

കഴിഞ്ഞ ദിവസം കൂടുതൽ ജീവനക്കാരിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങളെടുത്തു. ശേഷിക്കുന്ന തെളിവുകൾ കൂടി ശേഖരിച്ച ശേഷം ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ക്രമക്കേട് നടത്തിയ വിവരം പുറത്തറിഞ്ഞയുടൻ തന്നെ രണ്ട് ഉടമകൾ നാട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വിദേശത്തുളളവർക്കായി അടുത്തയാഴ്ച തന്നെ ലുക്ക് ഔട്ട് സർക്കുലർ തയ്യാറാകും. ഇതിനായുളള പ്രാഥമിക നടപടികൾ അന്വേഷണസംഘം പൂർത്തിയാക്കി. ഇതിനിടെ കോഴിക്കോട് വിജിലൻസ് സംഘവും സമാന്തരമായി കോർപ്പറേഷൻ ഓഫീസിൽ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. ജീവനക്കാരുടെ മൊഴിയുൾപ്പെടെ ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, വിജിലൻസ് അന്വേഷണകാര്യത്തിലും തീരുമാനമാകുമെന്നാണറിവ്.

Follow Us:
Download App:
  • android
  • ios