ആവിക്കൽതോട് - കോതി ശുചി മുറി മാലിന്യ സംസ്കരണ പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന നിലപാട് കോർപറേഷൻ കൗൺസിലിലാണ് ഡപ്യൂട്ടി മേയർ ആവർത്തിച്ചത്

കോഴിക്കോട്: ആവിക്കൽതോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വിഷയത്തിൽ വിവാദ പരാമർശവുമായി കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്. പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മുസ്ലീം മത തീവ്രവാദികളുമുണ്ടായിരുന്നെന്നായിരുന്നു കൗൺസിൽ യോഗത്തിലെ പരാമർശം. പ്ലാന്റ് നിർമാണവുമായി കോർപറേഷൻ മുന്നോട്ടു പോകുമെന്നും സി.പി മുസാഫിർ അഹമ്മദ് വ്യക്തമാക്കി.

ആവിക്കൽതോട് - കോതി ശുചി മുറി മാലിന്യ സംസ്കരണ പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന നിലപാട് കോർപറേഷൻ കൗൺസിലിലാണ് ഡപ്യൂട്ടി മേയർ ആവർത്തിച്ചത്. ജനകീയ പ്രതിഷേധത്തിന് പിന്നാലെ പ്രദേശവാസികളുടെ ആശങ്ക ഇല്ലാതാക്കിയിട്ടേ പദ്ധതിയിൽ തുടർ നടപടിയുണ്ടാകൂവെന്ന നിലപാടാണ് കോർപറേഷൻ ഇപ്പോൾ കടുപ്പിച്ചത്. ആവിക്കലെയും കോതിയിലെയും പ്രതിഷേധത്തിൽ മുസ്ലീം മത തീവ്രവാദികൾ ഉണ്ടായിരുന്നെന്നും കോൺഗ്രസും ലീഗും ഈ സമരം ആളിക്കത്തിക്കാൻ ശ്രമിച്ചെന്നും സിപി മുസാഫിർ അഹമ്മദ് കൗൺസിൽ യോഗത്തിൽ പറഞ്ഞു.

ഡപ്യൂട്ടി മേയറുടെ പരാമർശത്തിനെതിരെ സ്ഥലം കൗൺസിലറടക്കം യോഗത്തിൽ പ്രതിഷേധമുയർത്തി. പ്ലാന്റിനെതിരായ സമരം ശക്തമായ സമയത്തും തീവ്രവാദികൾ ഈ സമരത്തിലുണ്ടെന്ന് സിപിഎം നേതാക്കൾ പറഞ്ഞിരുന്നു. അന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. പ്രദേശത്ത് ശുചിമുറി പ്ലാന്റ് നിർമാണത്തിനായുള്ള ടെണ്ടർ നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്