കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്; മന്ത്രി
നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി.
തിരുവനന്തപുരം: കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി. ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരിൽ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു.
നിപ: കോഴിക്കോട് മാത്രമല്ല, വയനാട്ടിലും ജാഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി, നിരീക്ഷണം തുടരും
അതേസമയം, കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാർ ആണെങ്കിൽ യാത്ര ഒഴിവാക്കണമെന്നും കളക്ടർ രേണുരാജ് അറിയിച്ചു.
അതേ സമയം, നിപ വൈറസ് ബാധയില്‍ കോഴിക്കോട് നിന്ന് ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തിൽ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാർത്ത.
അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ്റെ നിലയിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരൻ്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാൽ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നത് ആശ്വാസകരമാണ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.
https://www.youtube.com/watch?v=Ko18SgceYX8