വീണ്ടും ഡെന്‍മാര്‍ക്കിന്റെ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്; വേറെ ലെവലായി കാപ്പാട് ബീച്ച്

കോഴിക്കോട്: അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കോഴിക്കോട് കാപ്പാട് ബീച്ച്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്റെ (എഫ് ഇ ഇ) ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ച് വീണ്ടും അര്‍ഹമായി. സംസ്ഥാനത്ത് കാപ്പാട് ബീച്ചിന് മാത്രമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. പാരിസ്ഥിതിക സുസ്ഥിരതയോടും ഗുണനിലവാര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

കാപ്പാടിന്റെ പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കാപ്പാട് ബീച്ച് വീണ്ടും അഭിമാന നേട്ടത്തിന് അര്‍ഹമായത്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.

വാസ്‌കോഡി ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റര്‍ നീളത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ നടത്തിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ടോയ്ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.

കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 'ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന്' എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്‌ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

അപേക്ഷിച്ചവര്‍ക്കെല്ലാം അനുമതി, കുടുതൽ ആശുപത്രികളിൽ സേവനം, പ്രത്യേക ആപ്പും; എല്ലാം വേഗത്തിലാക്കാൻ ശ്രുതിതരംഗം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം