സനൂഫിനെ കുടുക്കിയത് 'ഓപ്പറേഷൻ നവംബർ', അന്വേഷണത്തിന് വാട്സാപ്പ് ഗ്രൂപ്പും; ത്രില്ലർ സിനിമ പോലൊരു അന്വേഷണം

കോഴിക്കോട് ലോഡ്ജ്മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സനൂഫിനെ കുരുക്കിയത് കോഴിക്കോട് സിറ്റി പൊലീസിന്‍റെ ഓപറേഷൻ നവംബർ. അന്വേഷണത്തിനായി പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കി.

Kozhikode lodge murder latest news accused sanoof trapped in Police's operation November WhatsApp group for investigation

കോഴിക്കോട്: കോഴിക്കോട്  നഗരമധ്യത്തിൽ ലോഡ്ജ്മുറിയിൽ യുവതിയെ കൊലചെയ്ത് രക്ഷപ്പെട്ട പ്രതിയായ സനൂഫിനെ കുരുക്കിയത് കോഴിക്കോട് സിറ്റി പൊലീസിന്‍റെ ഓപറേഷൻ നവംബർ. സിറ്റി പൊലീസിന്‍റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പൊലീസ് കമീഷണർ ടി. നാരായണന്‍റെ കീഴിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം.

ഓപ്പറേഷൻ നവംബര്‍ എന്നായിരുന്നു സനൂഫിനെ പിടികൂടാനുള്ള അന്വേഷണത്തിന് നൽകിയ പേര്. സിനിമ കഥ പോലെ ത്രസിപ്പിക്കുന്ന അന്വേഷണമാണ് പൊലീസ് സംഘം നടത്തിയത്. അതേസമയം, അറസ്റ്റിലായ പ്രതി അബ്ദുള്‍ സ നൂഫിനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി-4 ആണ് സനൂഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ വ്യാപിച്ച അന്വേഷണം, സിസിടിവി ദൃശ്യങ്ങള്‍, സൈബര്‍ സെല്‍, രഹ്യസ്യാന്വേഷണം എന്നിങ്ങനെ കൃത്യതയോടെയും സൂക്ഷമതയോടെയും  ഏകോപിപ്പിച്ച് അന്വേഷണ സംഘം മുന്നോട്ട് പോയതോടെയാണ് പ്രതി അബ്ദുള്‍ സനൂഫിന്‍റെ തന്ത്രങ്ങള്‍ പാളിയത്. കൊല നടത്തി ലോഡ്ജില്‍ നിന്ന് മുങ്ങിയ അബ്ദുള്‍ സനൂഫ് പാലക്കാട് കാര്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇത് അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ പൊലീസിനെ കുഴക്കി. പിന്നീട് 
ടൗണ്‍ എസിപി അഷ്റഫിന്‍റെ മേല്‍ നോട്ടത്തില്‍ ദിശതെറ്റാതെയുള്ള അന്വേഷണം നടന്നു.

നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ് അന്വേഷണ സംഘ തലവനായി. പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ പ്രതി അബ്ദുള്‍ സനൂഫ് പാലക്കാട് എത്തിയത് മുതല്‍ തന്നെ ജാഗ്രതയിലായിരുന്നു. വസ്ത്രങ്ങള്‍ ഇടക്കിടെ മാറ്റി, മീശ പിരിച്ച് രൂപമാറ്റം വരുത്തി. ഇതിനകം പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷന്‍ നവംമ്പര്‍ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്നവരും നല്‍കുന്ന വിവരങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഈ വാട്സാപ്പ് ഗ്രൂപ്പിലുടെ എസിപിയും സംഘവും ഓരോ നിമിഷവും വിശകലനം ചെയ്തായിരുന്നു അന്വേഷണം.

പ്രതി പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് കടന്നെന്ന സൂചന കിട്ടിയതോടെ നടക്കാവ് എസ് ഐ ബിനുമോഹന്‍റെ നേതൃത്വത്തിൽ രണ്ട് സംഘം പൊലീസ് ബംഗളൂരുവിലെത്തി. പൊലീസ് ബംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോൺ പ്രവർത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്സാപ്പ് കോൾ ചെയ്തുമാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്. പ്രതി ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്ത് യൂട്യൂബിൽ ടി.വി വാർത്തകൾ കണ്ട് അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം നിരീക്ഷിച്ചു. തന്‍റെ ഫോട്ടാ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച്  മനസിലാക്കിയ പ്രതി സോഷ്യൽ മീഡിയയിലുടെ ഇത് കണ്ട് ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്നാണ് തമിഴ്നാട്ടിലേക്ക് കടന്നത്. ദക്ഷിണ കന്ന‍ സ്വദേശിയായ ഒരാളുടെ സിം സംഘടിപ്പിച്ച് വിളിച്ചാണ് അബ്ദുള്‍ സനൂഫ്  തമിഴ്നാട്ടിലേക്ക് നീങ്ങിയത്. 

ഇതിനകം തന്നെ പ്രതി ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഗൂഗിൾ വഴി ഹോട്ടലിനെക്കുറിച്ച്  എല്ലാ വിവരവും ശേഖരിക്കുകയും ചെയ്തു. പൊലീസ് സംഘം ഹോട്ടൽ വളഞ്ഞപ്പോൾ സനൂഫ് മുറിയിലെ ടി.വിയിൽ യൂട്യൂബിൽ ക്രൈം വാർത്തകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ  ഒരു പഴുതുപോലും നൽകാതെ ഓപറേഷൻ നവംബർ ചെന്നൈ ആവഡിയിലെ ലോഡ്ജിൽ അവസാനിപ്പിക്കുമ്പോൾ സനൂഫ് ചെയ്ത കുറ്റമെല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു.ഒറ്റപ്പാലത്ത് തനിക്കെതിരെ ഫസീല ബലാൽസംഗ കേസ് നൽകിയതും രണ്ടരമാസം റിമാന്‍ഡിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞ് തീർത്ത് കരാർ എഴുതണം എന്നു പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയുമായി ഇക്കാര്യത്തിൽ വാക്കേറ്റം നടക്കുകയും കഴുത്തിൽ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. 


രക്ഷപ്പെട്ട ശേഷം ഫോണുകൾ മാറി മാറി ഉപയോഗിച്ചു, കൊലക്ക് കാരണം ഒറ്റപ്പാലം പൊലീസിൽ നൽകിയ കേസ് ഒത്തുതീർക്കാത്തത്

 

Latest Videos
Follow Us:
Download App:
  • android
  • ios