Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡി. കോളേജിലെ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളുടെ ജാമ്യം തള്ളി

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കോഴിക്കോട് സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് പ്രതികളുടെ ജാമ്യം തള്ളിയത്.

Kozhikode Medical college attack case accuseds dyfi leader bail application rejected
Author
First Published Sep 16, 2022, 3:59 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കോഴിക്കോട് സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് പ്രതികളുടെ ജാമ്യം തള്ളിയത്.

കേസിന്‍റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. പ്രതികളുടെ ബന്ധുവീടുകളിൽ അടക്കം എത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

Also Read: 'ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവര്‍; ജാമ്യം നൽകണം'; മെഡി. കോളേജ് കേസിൽ പ്രതിഭാഗം

അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ഈ വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

Follow Us:
Download App:
  • android
  • ios