മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് : പീഡന പരാതി നൽകിയതിന് പിന്നാലെ സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങളാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽവെച്ച് പീഡനത്തിനിരയായ യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ കമ്മീഷൻ സിറ്റിംഗിന് പോയി മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമോ അനുഭവമോ അല്ലെന്നും ആശുപത്രിയിലെ ഉന്നതരുടെ പിന്തുണയുണ്ടെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. 

ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തിലായിരിക്കുമ്പോൾ ലൈംഗികാതിക്രമത്തിനിരയായതിനേക്കാൾ വേദനയും അപമാനവുമാണ് താൻ ഇപ്പോഴനുഭവിക്കുന്നതെന്നും അതിജീവിത പറയുന്നു. നാലുമാസത്തിനിടയിൽ ശസ്ത്രക്രിയയുടെ വേദനയുമായി പലവട്ടം സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി. കടുത്ത മാനസിക സമ്മർദ്ദത്തിലും പ്രതീക്ഷയോടെയാണ് രണ്ടു വട്ടം വനിതാകമ്മീഷൻ സിറ്റിങ്ങിനെത്തിയത്. മെഡിക്കല്‍ കോളജ് അധികൃതരുടെ നിസംഗതയെത്തുടര്‍ന്ന് രണ്ടു വട്ടവും നിരാശയോടെ മടങ്ങേണ്ടി വന്നു.

അമ്പതിലേറെ തവണ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി, നീതി കിട്ടില്ലെന്ന് ഉറപ്പ്; ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതി

കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ അറ്റന്റർ ശശീന്ദ്രനെ അറസ്റ്റ് ചെയ്തെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. മൊഴി മാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ആശുപത്രി ജീവനക്കാരെ തിരിച്ചെടുത്ത നടപടിയും വിവാദമായതോടെയാണ് പിൻവലിച്ചത്. മെഡിക്കൽ കോളേജ് നിരന്തരം തുടരുന്ന അനാസ്ഥ രാഷ്ട്രീയ സമ്മർദ്ദം മൂലമെന്നാണ് അതിജീവിതയുടെ ആരോപണം. അതിനിടെ, കോഴിക്കോട് മെഡി. കോളേജ് വനിതാ കമ്മീഷന് റിപ്പോർട്ട് കൈമാറി. റിപ്പോര്‍ട്ട് വൈകിപ്പിച്ച നടപടി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കമ്മീഷന്‍ അധ്യക്ഷ പി സതീഡദേവി മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ എന്‍ അശോകന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

YouTube video player