യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് ഓഫിസർ തുടങ്ങിയവരാണ് അംഗങ്ങൾ. 

ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കൽ കോളേജ് അറ്റന്റര്‍ പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാൽ പിന്നീട് യുവതി ബന്ധുക്കളോട് താൻ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം. 

Read More : കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ചു; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ, അറ്റന്റര്‍ക്കെതിരെ പരാതി

ആശുപത്രിയിൽ പീഡനം: അന്വേഷണത്തിന് മൂന്നം​ഗ സമിതി | Kozhikkode Medical College | Sexual harassment