ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, പുറത്താക്കണമെന്ന് അതിജീവിത പ്രതികരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

ഈ നടപടിയുമായി ബന്ധപ്പെട്ട് നീതി കിട്ടിയെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിൽ രാഷ്ട്രീയക്കളിയുണ്ട്. തന്റെ മുന്നിൽ വെച്ചാണ് ജീവനക്കാർ ചെയ്ത കുറ്റം പൊലീസിനോട് സമ്മതിച്ചത്. എന്നിട്ടും അവർ കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ് തിരിച്ചെടുത്തത് രാഷ്ട്രീയ ബന്ധം മൂലമാണ്. ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, പുറത്താക്കണമെന്നും അതിജീവിത പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player