Asianet News MalayalamAsianet News Malayalam

വീഴ്ച പറ്റിയിട്ടില്ല; രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡി. കോളേജിലേതല്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

പിഴവൊന്നും പറ്റിയിട്ടില്ലെന്നും അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ആഭ്യന്തര  അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.  

Kozhikode medical college surgery allegation Internal Investigation Report out
Author
First Published Oct 21, 2022, 9:01 AM IST

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര  അന്വേഷണ റിപ്പോർട്ട് പുറത്ത്. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പിഴവൊന്നും പറ്റിയിട്ടില്ല. ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നും അന്വേഷണത്തിൽ മനസ്സിലായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉളളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.  

അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. 2017ലാണ്  പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. 

തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതിനിടെ, വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഹർഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios