കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പ്രളയം ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിലായി. പുഴകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സജീവമായി. വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയവർ പാമ്പടക്കമുള്ള ഇഴജന്തുക്കളെകണ്ട് പകച്ച് നിൽക്കുകയാണ്. 

ചാലിയാ‌ർ കരകവിഞ്ഞ് കുത്തിയൊഴുകിയപ്പോൾ  പ്രദേശത്തെ നൂറ്കണക്കിന് വീടുകളിൽ വെളളം കയറി. പെരുവയലിലെ സെന്റ് സേവിയേഴ്സ് സ്കൂളിൽ മാത്രം 1800പേരുണ്ട്. ചുറ്റിലും വെള്ളം നിറഞ്ഞ് ഒറ്റപ്പെട്ട ഇവിടേക്ക് തോണിയിലും തലച്ചുമടുമായിട്ടായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചത്. മഴ മാറി നില്‍ക്കുകയും കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ പകുതി താഴ്ത്തുകയും ചെയ്തതോടെ വെള്ളമിറങ്ങി. ഇപ്പോള്‍ ഇങ്ങോട്ടേക്ക് വണ്ടി എത്തുന്നുണ്ട്. 

ക്യാമ്പുകളിലെ രോഗികള്‍ വളരെ കഷ്ടപ്പെടുകയാണ്. തിരികെ വീടുകളിലേക്ക് പോയവർ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുന്നു. ചെളിയിൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഭയം സൃഷ്ടിക്കുന്നു. ചിപ്പിലത്തോട് പുഴയിലെ മൂന്ന് പാലങ്ങളും റോഡും തകർന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. 

വെള്ളമിറങ്ങിയതോടെ ജില്ലയിലെ മിക്ക റോഡുകളിലും വാഹനങ്ങൾ ഓടിത്തുടങ്ങി. താമരശ്ശേരി ചുരംവഴിയുള്ള ബത്തേരിയിലേക്ക് കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി സർവ്വീസ് പുനരാരംഭിച്ചു. എന്നാൽ പുഴയോരങ്ങളിൽ പല വീടുകളിലും ഇപ്പോഴും കഴുത്തൊപ്പം വെള്ളത്തിലാണ്. ചാലിയാറിലും ചാലിപ്പുഴയിലും പൂനൂർപുഴയിലും കുറ്റ്യാടിപ്പുഴയിലും ജലനിരപ്പ് താഴുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നു.   

അതിനിടെ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ വടകര വേളം പാവറപ്പോയിൽ അബ്ദുള്ളയുടെ മകൻ ഫാസിലിന്റെ മൃതദേഹം ഇന്ന് കിട്ടി. വടകര തൂണേരിയിൽ മരം മുറിക്കുന്നതിനിടയില്‍ താഴ വീണ് പരിക്കേറ്റ ഇബ്രാഹിം എന്നയാളും ഇന്ന് മരിച്ചു. ഇതോടെ പ്രളയത്തില്‍ ഇതോടെ ജില്ലയിൽ  മരണപ്പെട്ടവരുടെ എണ്ണം 17 ആയി