അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി മാർട്ടിൻ ഇഗ്നേഷ്യസ് ആണ് അറസ്‌റ്റിലായത്. ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്ക് എന്ന് കണ്ടെത്തി.
ആഗസ്‌ത് 29 നാണ് കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ 5ഉം 3 ഉം വയസായ കുഞ്ഞുങ്ങളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മ നിവേദ്യയെ അറസ്‌റ്റ് ചെയ്തപ്പോഴും മറ്റാരോ ഇതിന് പിന്നിൽ ഉണ്ടെന്ന സംശയം ശക്തമായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളിൽ ചിലർ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് മാർട്ടിൻ ഇഗ്നേഷ്യസിനെകുറിച്ച് സൂചനകൾ ലഭിച്ചത്.
തുടർന്ന് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയായിരുന്നു. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. ഇവർ താമസിച്ചിരുന്ന വാടക കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ പ്രതിയും താമസിച്ചിരുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിനെ തുടർന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. കൊലപാതക സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നു ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് പരിശോധിച്ചതും ഇയാളാണ്.
നിവേദ്യയ്ക്ക് ഇഗ്‌നേഷ്യസിൽ നിന്ന് സഹായം ലഭിച്ചെന്ന വ്യക്തമായ വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മറ്റ് നിർണായക വിവരങ്ങൾ കൂടി നിവേദ്യ നൽകിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.





