കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകുമെന്ന് സിപിഎം.  കോഴിക്കോട് പന്നിയങ്കര ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി പ്രാദേശിക ഘടകം നിലപാടെടുത്തതിന് പിന്നാലെയാണ് അറസ്റ്റിലായ അലന് നിയമസഹായം നൽകുമെന്ന തീരുമാനവുമായി പന്തീരാങ്കാവ് ലോക്കൽ കമ്മിറ്റി രംഗത്തെത്തുന്നത്. 

 പന്തീരാങ്കാവിൽ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയാണെന്നായിരുന്നു പാര്‍ട്ടി ആക്ഷേപം. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നും സിപിഎം പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു.