ആർക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയിലെ തുക: മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ
ലോകായുക്തയോട് ജനങ്ങൾക്കുള്ള വിശ്വാസ്യത കുറയുന്ന സാഹചര്യമാണ് ഇപ്പോഴെന്നും അദ്ദേഹം വിമർശിച്ചു

തിരുവനന്തപുരം: ആർക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയെന്ന് മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ. ലോകായുക്താ ഉത്തരവിനെ വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ അപാകതയുണ്ടെന്നും പറഞ്ഞു. കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്നാണ് മൂന്നംഗ ബഞ്ച് കണ്ടെത്തിയത്. അധികാരമില്ലെന്ന് രണ്ട് ഉപലോകായുക്തമാർക്ക് ഇപ്പോൾ എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ആർക്കെങ്കിലും വാരികൊടുക്കാനുള്ളതല്ല സിഎംഡിആർഎഫ് തുക. അങ്ങനെയുള്ളപ്പോൾ വിധിയോട് എങ്ങനെ യോജിക്കും? ലോകായുക്തയോട് ജനങ്ങൾക്കുള്ള വിശ്വാസ്യത കുറയുന്ന സാഹചര്യമാണ്. ലോകായുക്തയിൽ കേസുകൾ കുറയുന്നുവെന്നും ഒരു ജുഡീഷ്യൽ ഫോറം എന്ത് വിധി പറഞ്ഞാലും സർക്കാർ തീരുമാനിക്കുമെന്ന് വന്നാൽ പിന്നെ എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.