മുസ്ലിം ലീഗിനെതിരായ ബിജെപിയുടെ വ്യാജ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ വി.ഡി. സതീശനെ പ്രശംസിച്ച് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി രംഗത്തെത്തി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബിജെപിയുടെ വിമർശനങ്ങളെ സതീശൻ പൊളിച്ചടുക്കിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി
പൊന്നാനി: മുസ്ലിം ലീഗിനെതിരായ ബിജെപിയുടെ വ്യാജ ആരോപണങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ മറുപടി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബി.ജെ.പിയുടെ വിമർശനങ്ങളുടെ മുനയൊടിക്കുന്ന മികച്ച 'പൊളിറ്റിക്കൽ നരേറ്റീവുകൾ' അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം
വയനാട്ടിൽ ഉയർന്ന് പറന്ന മുസ്ലിംലീഗിൻ്റെ കൊടി പാക്ക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാൻ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും, പച്ചപതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമർശങ്ങൾക്ക് വിധേയമായി. ബിജെപി തുടരുന്ന വിമർശനങ്ങളുടെ മുനയൊടിക്കുന്ന പൊളിറ്റിക്കൽ നരേറ്റീവുകളാണ്, രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന തലത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ത്യൻഎക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ സ്ഥാപിച്ചത്. നാൽപതുകളിലെ വിഭജനകാലത്തെ സർവ്വേന്ത്യാ ലീഗിനോട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെ ചേർത്തു പറയുന്ന സംഘപരിവാർ ദുഷ്ടലാക്ക് കേരളമുഖ്യമന്ത്രി തുറന്നു കാട്ടി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ മതസൗഹാർദ്ദം നിലനിർത്താൻ ലീഗ് നൽകിയ സംഭാവനകൾക്ക് അടിവരയിട്ടു. മുസ്ലിംലീഗ് ദുർബലപ്പെട്ടാലുള്ള അപകടം മുഖ്യമന്ത്രി പറഞ്ഞു വെച്ചത് കേരളീയ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ്. ലീഗുമായുള്ള കോൺഗ്രസ് ബന്ധത്തിന് അരനൂറ്റാണ്ടിലേറെ കാലം പഴക്കമുണ്ടെന്ന് വിഡി സതീശൻ രാജ്യത്തെ ഓർമ്മിപ്പിച്ചു. മുസ്ലിംലീഗ് കോൺഗ്രസിൻ്റെ അനിഷേധ്യ ഘടകകക്ഷിയാണ്. അവർക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് രാഷ്ട്രീയമായാണ്. തീർക്കേണ്ടത് ആശയപരമായ പ്രതിരോധമാണ്. അല്ലാതെ പച്ചക്കൊടി പൂഴ്ത്തി വെക്കലല്ല എന്ന് ബോധ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ.







