Asianet News MalayalamAsianet News Malayalam

സർക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങൾ വകുപ്പുകളിലെ ക്രമക്കേട് കേന്ദ്രീകരിച്ച്, തന്ത്രം മെനഞ്ഞ് കോൺഗ്രസ്

വകുപ്പുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ പാർട്ടി അനുകൂല സർവീസ് സംഘടനയിലെ അംഗങ്ങൾക്ക് കെ പി സി സി പ്രസിഡൻറിന്റെ നിർദ്ദേശം.

kpcc and congress political strategy based on government department issues
Author
Thiruvananthapuram, First Published Sep 5, 2020, 7:30 AM IST

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ പാർട്ടി അനുകൂല സർവീസ് സംഘടനയിലെ അംഗങ്ങൾക്ക് കെ പി സി സി പ്രസിഡൻറിന്റെ നിർദ്ദേശം. വരുന്ന തിരഞ്ഞെടുപ്പുകളിൽ സർവീസ് സംഘടനകളുടെ സേവനം പാർട്ടിക്ക് നിർണായകമാണെന്നും മുല്ലപ്പള്ളി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് മുല്ലപ്പള്ളി സർക്കാരിനെതിരായ നീക്കങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായവും ആവശ്യപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിളിച്ചു ചേർത്ത ഉദ്യോഗസ്ഥയോഗത്തിലാണ് സർക്കാരിനെതിരായ നീക്കങ്ങൾക്ക് കെ പി സി സി പ്രസിഡൻറ് സഹായം അഭ്യർഥിച്ചത്. പല രേഖകളും വിവരാവകാശ നിയമപ്രകാരം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് കെ പി സി സി യ്ക്ക് ആവശ്യമായ രേഖകൾ സമാഹരിയ്ക്കാൻ പാർട്ടി അനുകൂല സർവീസ് സംഘടന പ്രവർത്തകർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ക്രമവിരുദ്ധമല്ലാത്ത വഴികളിലൂടെ രേഖകൾ ലദ്യമാക്കാനാണ് നിർദ്ദേശം.പാർലമെന്റ് തിരഞ്ഞെടുപ്പിൽ സർവീസ് സംഘടനകളുടെ സേവനം വിലപ്പെട്ടതായിരുന്നെന്നും മുല്ലപ്പള്ളി ഓഫീസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷൻ യോഗത്തിൽ തുറന്നു പറഞ്ഞു. കഴിഞ്ഞ മാസം 19 ന് നടന്ന യോഗത്തിന്റെ മിനുട്സിൽ കെ പി സി സി അധ്യക്ഷന്റെ പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം എ കെ ജി സെന്ററിൽ വിളിച്ചു ചേർത്ത സി പി എം നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ സഹായം തേടി കോൺഗ്രസും യോഗം വിളിച്ചത്.

Follow Us:
Download App:
  • android
  • ios