സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചതെന്നും കെപിസിസി അധ്യക്ഷൻ

കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാൻ മടങ്ങിവരുന്നതിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. ഒരു കാരണവശാലും സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ യുഡിഎഫിന് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി നാല് ബുധനാഴ്ച കരിദിനമായി യുഡിഎഫും കോൺഗ്രസും ആചരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്? സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോ? അവർക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോയെന്ന് ചിന്തിക്കണം. കേരളത്തിൽ ചരസ്സും എംഡിഎംഎയും ഒഴുകുകയാണ്. എല്ലാത്തിനും പിന്നിൽ സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ലഹരി മാഫിയയ്‌ക്ക് വേണ്ടിയാണ് ഈ ഭരണമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിൽ ഭരണഘടനയ്ക്ക് എതിരായ പരാമർശം നടത്തിയതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്തി ഇദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇത് പ്രകാരം ജനുവരി നാലിനാണ് സത്യപ്രതിജ്ഞ. സംസ്ഥാന സർക്കാരിൽ സാംസ്കാരിക വകുപ്പായിരുന്നു സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്.

വിമർശനാത്മകമായി സംസാരിക്കുകയാണ് സജി ചെറിയാൻ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. ഭരണഘടനയെയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ല. കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎൽഎമാർ പോലും മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.