Asianet News MalayalamAsianet News Malayalam

'ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിനായില്ല'; പ്രവാസികള്‍ക്ക് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം നൽകാൻകെപിസിസി

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനായി ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മറ്റൊരു ഡാറ്റ ശേഖരണത്തിന് വേണ്ടിയാണോ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് സംശയിക്കേണ്ടതിരിക്കുന്നതായും യോഗം വിലയിരുത്തി.

KPCC celebrates solidarity on May 6 by burning candles for expatriates
Author
Thiruvananthapuram, First Published May 2, 2020, 9:00 PM IST

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേയ് 6ന് വൈകുന്നേരം 6 മണിക്ക് ബൂത്ത് തലത്തില്‍ 25,000 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിക്കാന്‍ കെ.പി.സി.സി ഭാരവാഹി യോഗം തീരുമാനിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചത്.

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സാമൂഹിക വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. കൊച്ചു രാജ്യങ്ങള്‍ പോലും സ്വന്തം പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ മടക്കി കൊണ്ടുപോകുമ്പോള്‍ പ്രവാസികളായ മലയാളികളോട് തികഞ്ഞ അവഗണനയും ക്രൂരതയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.

നോര്‍ക്കയിലൂടെ ഇതിനകം മൂന്നര ലക്ഷം പ്രവാസികള്‍ തിരികെ നാട്ടില്‍ വരാനായി പേരു രജിസ്റ്റര്‍ ചെയ്‌തെന്നാണ് സര്‍ക്കാര്‍ വാദം. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനായി ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മറ്റൊരു ഡാറ്റ ശേഖരണത്തിന് വേണ്ടിയാണോ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് സംശയിക്കേണ്ടതിരിക്കുന്നതായും യോഗം വിലയിരുത്തി.

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നും തിരികെ അയക്കുന്നത് പോലെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് തിരികെയെത്തിക്കാന്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു.
 
ട്രെയിന്‍ മാര്‍ഗവും ബസുകളിലൂടെയും പലസംസ്ഥാനങ്ങളും സ്വന്തംപൗരന്‍മാരെ തിരികെ കൊണ്ടുപോയി. സാധാരണക്കാരായ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച യോഗം വൈകുന്നേരം 3.30വരെ നീണ്ടു നിന്നു.

Follow Us:
Download App:
  • android
  • ios