Asianet News MalayalamAsianet News Malayalam

വിമതരെ പൂട്ടാൻ കെപിസിസി; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പടെ പുറത്ത്; നടപടി പാര്‍ട്ടി പദവികള്‍ പോലും പരി​ഗണിക്കാതെ

ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെയാണ് കെപിസിസി നടപടി സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി.

kpcc dcc conflict continues on local body election candidates
Author
Calicut, First Published Nov 26, 2020, 9:52 AM IST

കോഴിക്കോട്: വയനാട്ടിലും പാലക്കാട്ടും തദ്ദേശതെരഞ്ഞടുപ്പിൽ തലവേദന സൃഷ്ടിക്കുന്ന വിമതർക്കെതിരെ കെപിസിസി നടപടിയെടുത്തു. പാലക്കാട്ട് കെപിസിസി അം​ഗത്തെയും ഡിസിസി ജനറൽ സെകട്ടറിയെയും പുറത്താക്കി.  ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെയാണ് കെപിസിസി നടപടി സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി. 

പാലക്കാട്‌ ഡിസിസി ജനറൽ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. വയനാട്ടിൽ വിമത പ്രവർത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്. 

കെ മുരളീധരനു പിന്നാലെ കെ സുധാകരനും കെപിസിസി നേതൃത്വത്തെ പരസ്യമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിമതർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഡിസിസികളും കെപിസിസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രകടമാക്കുന്നതായിരുന്നു നേതാക്കളുടെ വാക്കുകൾ. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്നാണ് സുധാകരൻ പറഞ്ഞത്. വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. മൂന്ന് കെപിസിസി സ്ഥാനാർത്ഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവർ തന്നെ പാർട്ടി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും കെ സുധാകരൻ തുറന്നടിച്ചിരുന്നു.

വിമതരോട് രണ്ട് തരത്തിലുള്ള സമീപനമാണ് കെപിസിസി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചിലരെ ഒപ്പം നിർത്തുകയും മറ്റ് ചിലർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഡിസിസി അം​ഗീകാരം നൽകിയ സ്ഥാനാർത്ഥികളെ തള്ളുകയും ഡിസിസി അം​ഗീകരിക്കാത്ത വിമതരെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കെപിസിസി സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്. 


 

Follow Us:
Download App:
  • android
  • ios