കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ (k v thomas) കടുത്ത നടപടി വേണമെന്ന് കെപിസിസി (kpcc). സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍കി. കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

Add Asianetnews as a Preferred SourcegooglePreferred

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോൺഗ്രസ്സിനുള്ളതാണ്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്‍റെ പേരിൽ നടപടി എടുത്താൽ ദേശീയതലത്തിൽ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാർട്ടിയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റിനിർത്തലും പരിഗണിച്ചേക്കും.