തിരുവനന്തപുരം: പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം.  പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കെപിസിസി പ്രമേയം പാസ്സാക്കിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും മുൾമുനയിൽ നിർത്തിയും അസത്യം പ്രചരിപ്പിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്‍റെ കാര്യത്തില്‍ തീരുമാനം നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്നാണ് തന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ ശശി തരൂര്‍ അഭിപ്രായം പറയേണ്ടിയിരുന്നത് പാര്‍ട്ടി വേദികളിലാണ്. തരൂരിന്റെയും തന്റെയും നിലപാടുകൾ ഒന്നല്ല.  കോൺഗ്രസ് അനാഥമായി എന്ന് പറയുന്നത് തെറ്റാണ്.  പാര്‍ട്ടി പുനസംഘടനാ ചർച്ച തുടരുകയാണ്.  താമസിയാതെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.