Asianet News MalayalamAsianet News Malayalam

പിപ്പിടിവിദ്യ കണ്ട് തളരില്ല, പിണറായി വിജയന്‍റെ 'പ്രത്യേക ഏക്ഷന്‍' മാത്യൂ കുഴ‍‍ൽനാടനോട് വേണ്ടെന്ന് സുധാകരന്‍

മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും അല്‍പനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും കെ. സുധാകരന്‍ ആരോപിച്ചു

kpcc president k sudhakaran against pinarayi vijayan
Author
First Published Sep 22, 2023, 9:47 PM IST

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയനെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും അല്‍പനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കെ. സുധാകരന്‍ ആരോപിച്ചു. മാത്യു കുഴല്‍നാടന്‍റെ മടിയില്‍ കനമില്ലെന്നും അതുകൊണ്ട് തന്നെ പിണറായി വിജയന്‍റെ പിപ്പിടിവിദ്യ കണ്ട് തളരില്ലെന്നും 'പ്രത്യേക ഏക്ഷന്‍' മാത്യു കുഴല്‍നാടനോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കെ. സുധാകരന്‍റെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം പൊതുജനങ്ങളുടെ മനസ്സിൽ കത്തിച്ചു നിർത്തുന്നതിന്‍റെ പേരില്‍ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയൻ വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ആരോപിച്ചു. 
മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ വന്നത് ഏതെങ്കിലും ആരോപണമല്ല. ഇന്ററിം സെറ്റിൽമെൻറ് ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമായ കാര്യങ്ങളെ പറ്റിയാണ് ഞങ്ങൾ ചോദിക്കുന്നത്. മകൾ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതായി മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയത് പിതാവ് സംസ്ഥാനത്തിലെ പ്രധാന രാഷ്ട്രീയ നേതാവ് ആയതിനാൽ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പി.വി എന്ന് കരിമണൽ കമ്പനി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ചുരുക്കപ്പേര് പിണറായി വിജയൻ എന്ന് തന്നെയാണെന്നും ബോർഡിന്റെ റിപ്പോർട്ടിലുണ്ട്.എന്നിട്ടും ഒരു നാണവും ഇല്ലാതെ ഈ ക്രമക്കേടുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.


സംസ്ഥാനത്തെ കൊള്ളയടിച്ച് മുന്നോട്ടുപോകാമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതുകയാണ്. ഈ കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തന്നെയാണ് മാത്യു കുഴൽനാടൻ മാസപ്പടി വിഷയത്തിൽ തുടർച്ചയായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. അന്വേഷണമെന്ന ഉമ്മാക്കി കാട്ടി മാത്യുവിനെ ഭയപ്പെടുത്താമെന്ന് ഏതോ വിഡ്ഢികളാണ് പിണറായി വിജയന് പറഞ്ഞുകൊടുത്തത്. പണ്ടാരോ വിജയന് എഴുതിക്കൊടുത്ത് മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്ന് കടലാസ് നോക്കി വായിച്ച ആ വാചകം തന്നെ ആവർത്തിക്കാം "മാത്യു കുഴൽനാടന്റെ മടിയിൽ കനമില്ല,അതുകൊണ്ടുതന്നെ പിണറായി വിജയന്റെ പിപ്പിടിവിദ്യ കണ്ട്  തളരില്ല "
എന്തായാലും അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ മാത്യു കുഴൽനാടനെ ഭയന്ന്  മാസങ്ങളോളം മാധ്യമങ്ങളിൽ നിന്ന് ഒളിച്ചു നടന്നു. ഒടുവിൽ പിണറായിയുടെ ഒക്കച്ചങ്ങായിമാരായ ബിജെപിക്കാരുമായിട്ടുള്ള സന്ധിക്ക് ശേഷമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്.ആരാണ് ഭയന്നതെന്ന് ജനത്തിന് വ്യക്തമായിരിക്കുന്നു. എന്തായാലും വിജയന്റെ ഈ "പ്രത്യേക ഏക്ഷൻ " മാത്യുവിനോട് വേണ്ട. കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ ഞാനും കോൺഗ്രസ് പ്രസ്ഥാനവും മാത്യുവിന് കരുത്തായി കൂടെയുണ്ട്.
 - കെ.സുധാകരൻ.

Follow Us:
Download App:
  • android
  • ios