ലീഗ് വർഗീയ വാദികളെന്നാണ് സി പി എം മുമ്പ് പറഞ്ഞിരുന്നതെന്ന് ഓർമ്മിപ്പിച്ച സുധാകരൻ, ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെയടക്കം മുസ്ലിം ലീഗ് അനുകൂല പരാമർശത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. സി പി എമ്മിന് ലീഗിനോട് പ്രേമം വന്നിട്ടുണ്ടെന്ന് പറഞ്ഞ സുധാകരൻ രണ്ടുപേർക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ എന്നും പരിഹസിച്ചു. ലീഗ് വർഗീയ വാദികളെന്നാണ് സി പി എം മുമ്പ് പറഞ്ഞിരുന്നതെന്ന് ഓർമ്മിപ്പിച്ച സുധാകരൻ, ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ന് ചേർന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിക്ക് ശേഷമായിരുന്നു സുധാകരന്‍റെ പ്രതികരണം.
അതേസമയം ശശി തരൂർ വിഷയത്തിലും കെ പി സി സി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കി. ദില്ലിയില്‍ വെച്ച് എല്ലാ പ്രശ്നങ്ങളും പറഞ്ഞ് അവസാനിപ്പിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും പറഞ്ഞ സുധാകരൻ, എല്ലാവരും പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും കൂട്ടിച്ചേർത്തു. നേരത്തെ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ കെ സുധാകരന് എതിരെ വിമർശനം ഉയര്‍ന്നിരുന്നു. നെഹ്റുവുമായി ബന്ധപ്പെടുത്തിയുള്ള ആർ എസ് എസ് അനുകൂല പരാമർശമാണ് വിമർശിക്കപ്പെട്ടത്. സംഘടനാ കോണ്‍ഗ്രസ് കാലത്തെ വസ്തുതയാണ് പറഞ്ഞതെന്ന വിശദീകരണമാണ് സുധാകരൻ യോഗത്തിൽ നൽകിയത്.
അതിനിടെ ഇന്നും മുസ്ലിം ലീഗിനെ പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഗവർണർ വിഷയത്തിൽ ലീഗ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ആര്‍ എസ്‍ പിയും ഇക്കാര്യത്തിൽ ശരിയായ നിലപാടാണ് എടുത്തതെന്നും പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, ഇതോടെയാണ് നിയമസഭയിൽ യു ഡി എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നതെന്നും അഭിപ്രായപ്പെട്ടു. മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിവരിച്ചു.
