കമ്മ്യൂണിസ്റ്റ് കോട്ടയായ വയലാറിൽ നിന്ന് കോൺഗ്രസിന്‍റെ കൈപ്പത്തി അഭിമാനപൂർവം ഉയർത്തിയാണ് വയലാർ രവി കേരള രാഷ്ട്രീയത്തിൽ നിറ സാന്നിധ്യമായി മാറിയത്
കൊച്ചി: ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന വയലാർ രവി ഇന്ന് ഏറെക്കുറെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച മട്ടാണ്. പൊതുവേദികളിലും ഇപ്പോൾ അദ്ദേഹത്തെ അധികം കാണാറില്ല. ഏറെക്കാലത്തിന് ശേഷം വയലാർ രവി കൊച്ചിയിലെ പൊതുവേദിയിലെത്തിയപ്പോൾ അത് ഒരു അപൂർവ കാഴ്ചയായി മാറി. പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, വയലാർ രവിയെ ചേർത്ത് പിടിച്ച് സ്നേഹം പങ്കിട്ടതും ഏവർക്കും ഒരു മനോഹര കാഴ്ചയായിരുന്നു.
എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പി എസ് ജോൺ എൻഡോവ്മെന്‍റ് പുരസ്കാരദാന വേദിയാണ് അപൂർവ കൂടിച്ചേരലിന് സാക്ഷിയായത്. വിശ്രമജീവിതം നയിക്കുന്ന വയലാർ രവി ഏറെക്കാലത്തിന് ശേഷം പൊതുവേദിയിൽ എത്തിയത് പി എസ് ജോൺ എൻഡോവ്മെന്‍റ് പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു. പരിപാടിയുടെ ഉദ്ഘാടനകനായും പുരസ്കാരം വിതരണത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയത്.
ഏറെക്കാലം കേരള രാഷ്ട്രീയമായി ഇരുധ്രുവങ്ങളിൽ നിന്ന് ഏറെ പോരടിച്ച രണ്ട് പേർ ഒരു മിച്ച് ഒരു വേദിയിലെത്തിയപ്പോൾ സ്നേഹം പങ്കിടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കോട്ടയായ വയലാറിൽ നിന്ന് കോൺഗ്രസിന്‍റെ കൈപ്പത്തി അഭിമാനപൂർവം ഉയർത്തിയാണ് വയലാർ രവി കേരള രാഷ്ട്രീയത്തിൽ നിറ സാന്നിധ്യമായി മാറിയത്. കേന്ദ്ര മന്ത്രിയായും കേരളത്തിലെ ആഭ്യന്തര മന്ത്രിയായും വരെ പ്രവർത്തിച്ച വയലാർ രവിയുടെ പേര് ചിലപ്പോഴൊക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉയർന്നു കേട്ടിരുന്നു. രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത് രവിയോട് ആശയപരമായി ഒരുപാട് തവണ പോരടിച്ചിട്ടുണ്ട് പിണറായി വിജയൻ. ഏറക്കാലത്തിന് ശേഷം ഇരുവരും ഒരുമിച്ച് കണ്ടപ്പോൾ പക്ഷേ പങ്കിട്ടത് നിറഞ്ഞ സൗഹൃദവും സ്നേഹവും മാത്രമായിരുന്നു. യുവത്വത്തിന്‍റെ ഊർജം പ്രസരിപ്പിച്ച വയലാർ രവി രാഷ്ട്രീയമായ ശരികളോട് എന്നും ചേർന്ന് നിന്നിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തുകയും ചെയ്തു. ശേഷം എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പി എസ് ജോൺ എൻഡോവ്മെന്‍റ് അവാർഡ് വയലാർ രവിയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി കൊച്ചിയിലെ മകളുടെ വീട്ടിൽ കഴിയുന്ന വയലാർ രവി അപൂർവമായാണ് ഇപ്പോൾ പൊതുവേദികളിൽ എത്താറുള്ളത്.
