Asianet News MalayalamAsianet News Malayalam

ഉത്രയുടെ അമ്മയ്ക്കൊപ്പം; കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണമെന്നും കെ സുധാകരൻ

കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം പ്രതി മാതൃകാപരമായി ശിക്ഷപ്പെടുന്നില്ലെങ്കില്‍ പുതിയ തലമുറ നിയമ സംവിധാനങ്ങളുടെ നിഷ്പക്ഷതയെ ആശങ്കയോടെ വീക്ഷിക്കുമോയെന്ന് ഭയമുണ്ടെന്നും സുധാകരൻ

kpcc president k sudhakaran reaction on uthra murder case verdict
Author
Thiruvananthapuram, First Published Oct 13, 2021, 3:03 PM IST

തിരുവനന്തപുരം: ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ (uthra murder case verdict) സർക്കാ‍ർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി (kpcc president k sudhakaran ) ആവശ്യപ്പെട്ടു. കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം പ്രതി മാതൃകാപരമായി ശിക്ഷപ്പെടുന്നില്ലെങ്കില്‍ പുതിയ തലമുറ നിയമസംവിധാനങ്ങളുടെ നിഷ്പക്ഷതയെ ആശങ്കയോടെ വീക്ഷിക്കുമോയെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണ വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും (cm pinarayi vijayan) സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരന്‍റെ വാക്കുകൾ

അത്യപൂര്‍വ കേസായിട്ടും ഉത്രവധക്കേസില്‍ കീഴ്ക്കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ വികാരം കണക്കിലെടുത്ത് പ്രതിക്ക് തൂക്കുകയര്‍ ലഭിക്കുന്നതിന് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നം.

വിഷപ്പാമ്പിനെ ഉപയോഗിച്ച് പണത്തിനുവേണ്ടി ധര്‍മപത്നിയെ കൊന്ന അത്യന്തം നിഷ്ഠൂരമായ കുറ്റകൃത്യത്തിന് തൂക്കുകയറില്‍ കുറഞ്ഞതൊന്നും സമൂഹം പ്രതീക്ഷിക്കുന്നില്ല. കേരളത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണിത്.  സമൂഹത്തിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ശക്തമായ  സന്ദേശവും സുരക്ഷിതത്വവും നല്കാന്‍ അമാന്തിച്ചു നില്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകണം.

വധശിക്ഷയ്ക്ക് ആവശ്യമായ വകുപ്പുകളെല്ലാം തന്നെ ഈ കേസില്‍ ഉണ്ടായിരുന്നെന്ന് പൊലീസും പ്രോസിക്യൂഷനും പ്രചരിപ്പിച്ചിരുന്നു. പരമാവധി തെളിവുകള്‍ ശാസ്ത്രീയമായി തന്നെ കണ്ടെത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. കേരളം പ്രതീക്ഷിച്ച വിധി ഉണ്ടാകാതിരുന്നതിലെ പോരായ്മകള്‍ പരിഹരിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഉത്രയുടെ കുടുംബം ആഗ്രഹിക്കുന്ന വിധി ലഭിക്കുന്നതിന് ആവശ്യമായ നിയമസഹായം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനും കേരളീയ സമൂഹത്തിനുമുണ്ട്.

കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം പ്രതി മാതൃകാപരമായി ശിക്ഷപ്പെടുന്നില്ലെങ്കില്‍ പുതിയ തലമുറ നിയമസംവിധാനങ്ങളുടെ നിഷ്പക്ഷതയെ ആശങ്കയോടെ വീക്ഷിക്കുമോയെന്ന് താന്‍ ഭയപ്പെടുന്നു. ഇത്തരം ക്രിമിനലുകളെ ജീവിക്കാന്‍ അനുവദിക്കുന്നത് വ്യവസ്ഥാപിത സംവിധാനത്തിന് അപകടവും അപമാനവുമാണ്.  

കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷമാണിത്. പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളും ഉത്രാവധക്കേസിലെ വിധിയെ ഉറ്റുനോക്കിയതാണ്. നിയമത്തിലെ പഴുതുകളിലൂടെ പ്രതികള്‍ക്ക് ശിക്ഷകളില്‍ ഇളവുലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ  അമ്മമാരും നിരാശരാണ്. ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ തയ്യാറാകണം.

പ്രതിയുടെ പ്രായത്തിന്റെ ആനുകൂല്യമാണ് കോടതി നല്കിയതെന്നു പറയുന്നു. പക്ഷേ സമാനമായ നിരവധി കേസുകളില്‍ ഇതേ കാര്യം പരിഗണിച്ച് ഇത്തരക്കാര്‍ ജീവിച്ചിരിക്കുന്നത് ഭാവിയില്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ് കോടതികള്‍ വധശിക്ഷ വിധിച്ച നിരവധി സംഭവങ്ങളുണ്ട്. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

'നീതി കിട്ടിയില്ല, വിധിയില്‍ തൃപ്‍തിയില്ല', ഉത്രയുടെ അമ്മ

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം

ഉത്ര കേസിലെ വിധി

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്രവധ കേസിൽ അപ്രതീക്ഷിത വിധിയാണുണ്ടായത്. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് (Sooraj) കോടതി ഇരട്ടജീവപര്യന്തമാണ് (life imprisonment) ശിക്ഷയായി വിധിച്ചത്.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

 

 

Follow Us:
Download App:
  • android
  • ios